വര്‍ക്ക്ഔട്ട് ചെയ്യാന്‍ സമയമില്ലേ; വിഷമിക്കേണ്ട; ഭാരം കുറയ്ക്കാം; കൃത്യമായ ഭക്ഷണരീതിയിലൂടെ
ശരീരഭാരം കൂടുന്നതാണ് ഇന്ന് എല്ലാവരേയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാനകാര്യം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വ്യായാമം ചെയ്യാന്‍ ആര്‍ക്കും സമയമില്ല. എന്നാല്‍, ഇനി വിഷമിക്കണ്ട. ഒരല്‍പ്പം ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കൂടുന്നതിനെ നിയന്ത്രിക്കാം. അതിനായി ആദ്യം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം. പൊണ്ണത്തടിക്കുള്ള പ്രധാന കാരണം ഭക്ഷണം അമിതമായി കഴിക്കുന്നതാണ്. വയറു നിറഞ്ഞാലും ഇഷ്ടഭക്ഷണം രുചിയോടെ വീണ്ടും വീണ്ടും കഴിക്കും. ഇതാണ് ആദ്യം നിയന്ത്രിക്കേണ്ടത്.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പുറത്തുനിന്നുള്ള ഭക്ഷണം ആദ്യം ഒഴിവാക്കുക. പ്രോസസ് ചെയ്തതും അനാരോഗ്യകരവുമായ ഭക്ഷണങ്ങള്‍ക്കു പകരം നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. നാരുകള്‍ ധാരാളമുള്ള ഭക്ഷണം ദഹനം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഏറെ നേരം വിശക്കാതെ ഇരിക്കാനും സഹായിക്കും. കൂടാതെ, കാലറി കൂടിയ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും ഇത് സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അമിതമുള്ള കാലറി കത്തിച്ചു കളയാനുള്ള ഊര്‍ജ്ജം പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും. ശരീരഭാരം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ ഇവയെല്ലാം കുറയ്ക്കണം എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇവയെല്ലാം ചേര്‍ന്ന ഭക്ഷണം കഴിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. വിശപ്പിനെയും ദാഹത്തെയും എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുളെയും സ്ട്രെസ് ഹോര്‍മോണുകളെയും എല്ലാം നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള ഉറക്കം പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുകയും ഇത് ശരീരത്തില്‍ കൊഴുപ്പ് നിലനിര്‍ത്താന്‍ കാരണമാകുകയും ചെയ്യും. രാത്രി ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരഭാരം കുറയ്ക്കാന്‍ പ്രധാനമാണ്.